വടക്കഞ്ചേരി ബസ്സപകടം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു

വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം അപകടം ഉണ്ടായത്. അമിത വേഗതയിലായിരുന്ന സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് കയറിയായിരുന്നു അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്. എല്‍ന ജോസ് ക്രിസ്വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍.