രാജ്യസഭ എം.പിമാർക്ക് സസ്പെൻഷൻ; പ്രതിപക്ഷം ആടിനെ പട്ടിയാക്കുന്നു, സമരം ഇടനിലക്കാർക്ക് വേണ്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കർഷകബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം നടത്തുന്ന സമരം ഇടനിലക്കാർക്ക് വേണ്ടിയെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കർഷകസ്നേഹമുണ്ടെങ്കിൽ സഭാനടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംപിമാരെ സസ്പെൻഡ് ചെയ്തത് ഗുരുതരമായ കുറ്റങ്ങൾ ചെയ്തതിനാലാണ് . പ്രതിപക്ഷം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്. മാർഷലുകളെ ആക്രമിച്ച കെ.കെ രാഗേഷ് സ്വയം ഇര ചമയുകയാണെന്നും മുരളീധരൻ ആരോപിച്ചു.

അതേസമയം, ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാംഗം എളമരം കരീം പ്രതികരിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് തന്റെ സസ്പെൻഷൻ കൂടുതൽ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.