ഡോ. വി അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം.

2019 മുതല്‍ 2021 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാര്‍ട്ട് ടൈം അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ എഴുത്തുകാരന്‍, അധ്യാപകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാള്‍ കൂടിയാണ്.

1985ല്‍ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് (ഐഐഎം) മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും 1994ല്‍ മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും നേടി. സ്വിറ്റ്‌സര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും നിരവധി സ്വകാര്യ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കായി മാക്രോ ഇക്കണോമിക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഗവേഷണത്തില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഐഎഫ്എംആര്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിന്റെ ഡീന്‍ ആയിരുന്ന ഡോ. വെങ്കിട്ടരാമന്‍ ക്രിയ സര്‍വകലാശാലയിലെ എക്കണോമിക്‌സ് വിഭാഗത്തിലെ വിസിറ്റിങ് പ്രൊഫസറും തക്ഷശില ഇന്‍സ്റ്റിറ്റ്യൂഷന്റെ സഹസ്ഥാപകന്നും കൂടിയാണ്.

2015ല്‍ കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് പ്രസിദ്ധീകരിച്ച എക്കണോമിക്‌സ് ഓഫ് ഡെറിവേറ്റീവ്‌സ്, ഡെറിവേറ്റീവ്‌സ്, കാന്‍ ഇന്ത്യ ഗ്രോ?, ദി റൈസ് ഓഫ് ഫിനാന്‍സ്; കോസസ്, കോണ്‍സീക്വന്‍സസ് ആന്റ് ക്യൂര്‍സ് എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.