ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാദൗത്യത്തിലെ ഇനിയുള്ള മണിക്കൂറുകൾ നിർണായകം

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. രക്ഷാ പ്രവർത്തനം ആരഭിച്ചു ഒരാഴ്ച പിന്നിടുമ്പോൾ തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

രക്ഷാദൗത്യത്തിലെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. ആഗർ ഡ്രില്ലിംഗ് മെഷീൻ വഴിയുള്ള രക്ഷ ദൗത്യമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പ്രഥമ പരിഗണന അതിന് തന്നെയാണ് നൽകുന്നത്.

ഡ്രില്ലിങ് മെഷീൻ വഴി പ്രവർത്തനം വിജയകരമായാൽ ഒന്നര ദിവസത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്ന് രഞ്ജിത്ത് സിൻഹ പറഞ്ഞു. നിലവിൽ മറ്റൊരു പൈപ്പ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചിട്ടുണ്ട്. അതുവഴിയാണ് ഭക്ഷണം നൽകുന്നത്. രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രഞ്ജിത്ത് സിൻഹ പറഞ്ഞു.

ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.