ഭരണഘടനയില്‍നിന്ന് 'മതേതരം' എന്ന വാക്ക് മാറ്റും; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ഇന്ത്യയുടെ ഭരണഘടനയില്‍നിന്ന് മതേതരം എന്ന വാക്ക് മാറ്റുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ആനന്ദ് ഹെഗ്‌ഡേ. ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഭരണഘടനയില്‍നിന്ന് സെക്കുലര്‍ എന്ന വാക്ക് മാറ്റുമെന്ന പ്രസ്താവന നടത്തിയത്. തൊഴില്‍, നൈപുണ്യവികസന സഹമന്ത്രിയാണ് ആനന്ദ് ഹെഗ്‌ഡേ.

“മതേതരര്‍ക്ക് അറിയില്ല അവരുടെ രക്തം ഏതാണെന്ന്. നമ്മള്‍ മതേതരര്‍ എന്ന് പറയാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്, നമ്മള്‍ അത് പറയുകയും ചെയ്യും. ഭരണഘടന പലപ്പോഴും ഭേദഗതി ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം, നമ്മളും അത് ഭേദഗതി ചെയ്യും. അതിനാണ് നമ്മള്‍ അധികാരത്തില്‍ വന്നിരിക്കുന്നത്” – ആനന്ദ് ഹെഗ്‌ഡെ പറഞ്ഞു.

ഇതാദ്യമായിട്ടല്ല ആനന്ദ് ഹെഗ്‌ഡെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ ഇസ്ലാം മതത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കര്‍ണാടകയില്‍ സര്‍ക്കാര്‍ നടത്തിയ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന പരസ്യ നിലപാട് എടുത്തതും ഹെഗ്ഡയെ വിവാദത്തിലാക്കിയിരുന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്.

Read more

അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ തന്നെയാണ് ആനന്ദ് ഹെഗ്‌ഡേ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നതും. തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസാണ് നിലവില്‍ കര്‍ണാടക ഭരിക്കുന്നത്.