തെഹ്‌രീക് ഇ ഹുറീയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന്

കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിനെ യുഎപിഎ നിയമപ്രകാരം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘടന നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ആയിരുന്നു തെഹ്‌രീക് ഇ ഹുറീയത്തിന്റെ തലവന്‍.

സംഘടന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാനും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ സംഘടന നടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. സംഘടന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജമ്മുകശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തിയതായും അമിത്ഷാ വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തിയോ സംഘടനയോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാല്‍ അത്തരം പ്രവര്‍ത്തനങ്ങളെ നേരിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം ലീഗ് ജമ്മുകശ്മീര്‍ എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്‌രീക് ഇ ഹുറീയത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.