എച്ച്.ആർ.ഡി മന്ത്രാലയത്തിന്റെ പേര് മാറ്റി; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ‌.ഇ‌.പി) പച്ചക്കൊടി കാണിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ 34 വർഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി) മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള എച്ച്ആർഡി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

മുൻ ഇസ്‌റോ മേധാവി കെ കസ്തൂരിരങ്കന്റെ നേതൃത്വത്തിലുള്ള സമിതി പുതിയ എൻ.‌ഇ‌.പിയുടെ കരട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ കഴിഞ്ഞ വർഷം ചുമതലയേറ്റപ്പോൾ സമർപ്പിച്ചിരുന്നു.

വിവിധ ആളുകളിൽ നിന്നും അഭിപ്രായം തേടുന്നതിനായി കരട് പൊതുജനത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. എച്ച്ആർ‌ഡി മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു.

നിലവിലുള്ള എൻ.‌ഇ‌.പി 1986 ൽ രൂപപ്പെടുത്തുകയും 1992 ൽ പരിഷ്കരിക്കുകയും ചെയ്തതാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ആയിരുന്നപ്പോൾ എച്ച്ആർഡി മന്ത്രാലയം രൂപീകരിച്ച, മുൻ മന്ത്രിസഭ സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടും കരട് വിദഗ്ധർ കണക്കിലെടുത്തിരുന്നു.