ഉദയ്പൂര്‍ കൊലപാതകം; പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, എന്‍.ഐ.എ അന്വേഷണം നടത്തും

പ്രവാചക നിന്ദാ വിഷയത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി ദേശീയ വക്താവായ നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.

കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കൊലപാതകം നടത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ പ്രതികളുടെ മുഖം വ്യക്തമായതിനാല്‍ ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പ്രതിഷേധക്കാരോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.