ഇന്ത്യന്‍ ഗോതമ്പിനും ഗോതമ്പ് ഉത്പന്നങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി യു.എ.ഇ; നടപടി നാല് മാസത്തേക്ക്‌

ഇന്ത്യയിൽ നിന്നുള്ള ഗോതമ്പിനും ഗോതമ്പുത്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി യുഎഇ. ഗോതമ്പ് മാവ് ഉൾപ്പടെയുള്ള എല്ലാ തരം ഗോതമ്പുത്പന്നങ്ങൾക്കും കയറ്റുമതി ചെയ്യുന്നതിനും പുനർ കയറ്റുമതി ചെയ്യുന്നതിനും നാല് മാസത്തെ വിലക്കാണ് യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്.

മെയ് 13 മുതൽ നാല് മാസത്തേക്ക് യുഎഇയിലെ ഫ്രീസോണുകളിൽ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികൾക്കും ഈ നടപടി ബാധകമാകുമെന്ന്. യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യൻ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

റഷ്യ-യുക്രൈൻ സംഘർഷങ്ങളെ തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധനം. ഇന്ത്യയിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ഗോതമ്പ് കയറ്റുമതി ചെയ്യാൻ യുഎയിൽ വിലക്കില്ല. എന്നാൽ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.