ഐ ഫോണും പണവും നല്‍കി രാജ്യസുരക്ഷ സംബന്ധിച്ച രേഖകള്‍ കൈവശപ്പെടുത്താന്‍ നീക്കം; പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

ഡൽഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തിക്കിടെ പിടികൂടി. അനഭിമതരായി പ്രഖ്യാപിച്ച ഇവരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. പാക് സ്ഥാനപതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഇന്ത്യ ഉന്നയിക്കുകയാണെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കി കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയാണെന്നും പാകിസ്ഥാന്‍ പ്രതികരിച്ചു.

ഹൈക്കമ്മീഷനിൽ വിസ വിഭാഗത്തിൽ ജോലിചെയ്യുന്ന ആബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നിവരെയാണ് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ഞായറാഴ്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കൈയോടെ പിടികൂടിയത്. കരോള്‍ബാഗിന് സമീപം ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. ഇന്ത്യയുടെ സുരക്ഷ സംവിധാനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ശേഖരിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഒരു ഇന്ത്യക്കാരനിൽ നിന്നാണ് രേഖകൾ കരസ്ഥമാക്കാൻ ഇവർ ശ്രമിച്ചത്. പണവും ഐ ഫോണും നല്‍കി ഒരു ഇന്ത്യന്‍ പൗരനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്.

പാക് ഉദ്യോഗസ്ഥരുടെ നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാക് സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

2016-ൽ മെഹമൂദ് അക്തർ എന്ന പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ നിർണായക രേഖകൾ കൈവശം വെച്ചതിന് ഇന്ത്യ പിടികൂടിയിരുന്നു. പാക് സേനയുടെ ബലൂച് റെജിമെന്റിന്റെ ഭാഗമായ അക്തർ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു വരികയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞിരുന്നു.

ഇന്ത്യന്‍ നടപടിയെ പാകിസ്താന്‍ വിദേശകാര്യ വകുപ്പ് വിമര്‍ശിച്ചു. നയതന്ത്രബന്ധം സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. കാശ്മീരിലെ സ്ഥിതിഗതികളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നാണ് പാകിസ്ഥാന്റെ വിമര്‍ശനം. ചാരപ്രവര്‍ത്തനം നടത്തിയതിന് 2016- ലും ഇന്ത്യ പാകിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.