ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്.

അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ജനുവരി 26ന് കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലായിരുന്നു സംഭവം. യുവതിയെ അയല്‍വാസികള്‍ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗംത്തിന് ഇരയാക്കി. പിന്നീട് പരസ്യമായി മര്‍ദ്ദിക്കുയും യുവതിയുടെ മുടി മുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ശേഷം ചെരിപ്പുമാല അണിയിച്ച് നഗരത്തിലൂടെ നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടമാണ് അതിക്രമം ചെയ്തത്.

അയല്‍വാസികള്‍ തമ്മിലുള്ള ശത്രുതയുടെ തുടര്‍ച്ചയാണ് ഈ ക്രൂരതയെന്ന് പൊലീസ് പറഞ്ഞു. തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിന്റെ പ്രണയാഭ്യര്‍ഥന യുവതി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. യുവതിയോടുള്ള പ്രതികാരം തീര്‍ക്കാനായാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

Read more

ആക്രമണത്തിന് ഇരയായ യുവതിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ അതിവേഗ കോടതിയില്‍ യുവതിയ്ക്കായി അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കും. സംഭവത്തെ തുടര്‍ന്ന് സുരക്ഷ നല്‍കണമെന്ന യുവതിയുടെ സഹോദരിയുടെ ആവശ്യപ്രകാരം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.