ത്രിപുരയില്‍ സി.പി.ഐ എമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമാകെ വന്‍ തിരിച്ചടി നേരിട്ട ഇടതുപാര്‍ട്ടികള്‍ക്ക് ത്രിപുരയിലും രക്ഷയില്ല. വര്‍ഷങ്ങളായി ത്രിപുര ഭരിച്ച സിപിഐ എം ഇത്തവണ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയാണ് രണ്ട് സീറ്റിലും മുന്നില്‍.

കോണ്‍ഗ്രസാണ് ഇരുമണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്. നേരത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ സ്വന്തമാക്കിയാണ് ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതെന്ന് സിപിഐ എം ആരോപിച്ചിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുളള സൂചനയായി.

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി മുന്നിലാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ സുബല്‍ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സിപിഐ എം. സിപിഐ എം സിറ്റിംഗ് എം.പി ശങ്കര്‍ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്.

ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ രേബതി ത്രിപുരയാണ് മുമ്പില്‍. 283466 വോട്ടുകളാണ് രേബതി നേടിയത്. കോണ്‍ഗ്രസിന്റെ പ്രഗ്യ ദേബ് ബര്‍മ്മനാണ് രണ്ടാം സ്ഥാനത്ത്. 173901 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള സിപിഐഎം സിറ്റിംഗ് എംപി ജിതേന്ദ്ര ചൗധരി 122633 വോട്ടാണ് നേടിയത.്