ത്രിപുരയില്‍ 'ഘര്‍ വാപസി', ബി.ജെ.പി വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക്; മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് വിട്ടു

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂടുമാറ്റവും കൊഴുക്കുകയാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയാണ്. കരുത്തനായ മറാത്ത നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനു കനത്ത പ്രഹരമാകും ഏല്‍പ്പിക്കുക. പാട്ടീലിന്റെ മകന്‍ സുജയ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതിന് ശേഷം പ്രതികരിച്ചു.

മകന്‍ പാര്‍ട്ടി വിടാന്‍ പ്രധാന കാരണം ശരത് പവാറാണെന്ന് വിഖെ പാട്ടീല്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ഭാഗമായി അഹമ്മദ്നഗര്‍ മണ്ഡലത്തില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയായിരുന്നു സുജയ് പാര്‍ട്ടി വിട്ടത്. ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സുജയ്.

അതേസമയം, ത്രിപുരയില്‍ ബിജെപിയും പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുഭാല്‍ ഭൗമിക് പാര്‍ട്ടി വിടാന്‍ കാരണം. ഒരു ഭാരമായി ബിജെപിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ഭൗമിക് പ്രതികരിച്ചു.

നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് കമ്മ്യൂണിസ്റ്റ് ഭരണത്തെ പുറത്താക്കി ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചത്. താന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടി അവിടെ തോല്‍ക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതിനാല്‍ ഈ സീറ്റ് നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ലാണ് കോണ്‍ഗ്രസ് വിട്ട് ഭൗമിക് ബിജെപിയില്‍ ചേര്‍ന്നത്.