ട്രെയില്‍ ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക്; സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും

രാജ്യത്തെ ട്രെയില്‍ യാത്രാ ടിക്കറ്റ് നിരക്കുകള്‍ അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് ആക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവ്. മെയില്‍, എക്സ്പ്രസ് ട്രെയിന്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ടാഗും നിര്‍ത്തലാക്കും. കോവിഡ് ഭീഷണി കുറയുന്നത് കണക്കിലെടുത്താണ് നടപടി.

ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശമുണ്ട്. സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ മന്ത്രാലയം അയച്ച കത്തിലാണ് അറിയിപ്പ്. ലോക്ക്ഡൗണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. പാസഞ്ചര്‍ തീവണ്ടികള്‍ക്കും സ്പെഷ്യല്‍ ടാഗ് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ മാത്രമായിരിക്കും അണ്‍റിസര്‍വ്ഡ് യാത്ര പുനഃസ്ഥാപിക്കുക. മറ്റിളവുകള്‍ വരുന്നത് വരെ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ അതേ പടി നിലനില്‍ക്കും. എന്നാല്‍ പാന്‍ട്രി സര്‍വീസ്, സ്ലീപ്പര്‍, എസി കോച്ചുകളില്‍ നല്‍കിയിരുന്ന ബ്ലാങ്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് കൂട്ടിയത് പിന്‍വലിക്കുമോ എന്നും ഉത്തരവിലില്ല.