പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂല്‍ എം പി മൊഹുവ മൊയ്ത്രയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഇന്ന് അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജി പരിഗണിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെടാനായിരുന്നു അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണ് മൊഹുവയുടേത്. ആദ്യ ഹര്‍ജി മുസ്ലീം ലീഗാണ് നല്‍കിയിരിക്കുന്നത്.

ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80-ന് എതിരെ 311 വോട്ടിനു ലോക്സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.