'ഇന്ത്യന്‍ വിഭജന തലവന്‍'; മോദിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ ആതിഷ് തസീറിനു നേരെ 'വാളെടുത്ത്' സംഘപരിവാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ “ഇന്ത്യന്‍ വിഭജന തലവന്‍” എന്ന് വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയ ആതിഷ് തസീറിനു നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ച് കൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും കാരിക്കേച്ചറുമാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ ഈ ലക്കത്തിലുള്ളത്. ഇതേതുടര്‍ന്ന്, ബിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്‍, അദ്ദേഹം കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തു. ലേഖകന്റെ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയില്‍ വരുത്തിയ മാറ്റങ്ങളില്‍ അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്.

https://twitter.com/pokershash/status/1126766260195225600

“ഇയാള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ടൈം മാഗസിന് അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ട് കോണ്‍ഗ്രസിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല”- ആതിഷിനെതിരെ വന്ന ബി.ജെ.പി അനുഭാവിയായ ശശാങ്ക് സിങ്ങ് എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ട്വീറ്റാണിത്. ഇത് 500ലധികം തവണയാണ് റീഷെയര്‍ ചെയ്തിട്ടുള്ളത്.

മേയ് 20ന് പുറത്തിറങ്ങേണ്ട ടൈം മാഗസിന്റെ കവര്‍ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം കൂടി മോദിയെ ചുമക്കേണ്ടി വരുമോ എന്നും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.