'ഇന്ത്യന്‍ വിഭജന തലവന്‍'; ടൈം മാഗസിന്‍ മോദിക്ക് നല്‍കിയ വിശേഷണം, 2012 മുതല്‍ അമേരിക്കന്‍ മാഗസിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിലയിരുത്തിയത് എങ്ങിനെ?

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ ന്യൂസ് മാഗസിനായ ടൈം മാഗസിന്‍. “ഇന്ത്യന്‍ വിഭജന തലവന്‍” എന്നാണ് മോദിയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ച് കൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും കാരിക്കേച്ചറുമാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ ഈ ലക്കത്തിലുള്ളത്.

മേയ് 20ന് പുറത്തിറങ്ങേണ്ട ടൈം മാഗസിന്റെ കവര്‍ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ ഒരു തവണ മാത്രമല്ല മോദിയുടെ കവര്‍ ചിത്രങ്ങളുമായി ടൈം മാഗസിന്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷമായി മാഗസിന്‍ മോദിക്ക് പിന്നാലെ തന്നെയുണ്ട്. 2012 മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആദ്യമായി ടൈം മാഗസീന്‍ അദ്ദേഹത്തിന്റെ കവര്‍ ചിത്രം പുറത്തിറക്കിയത്. പക്ഷേ അന്ന് മോദിയെ വിമര്‍ശിക്കാന്‍ വേണ്ടിയായിരുന്നില്ല. 10 വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിക്കുന്നതിനു വേണ്ടിയായിരുന്നു അത്. “മോദി എന്നാല്‍ വ്യവസായം; പക്ഷേ അദ്ദേഹത്തിന് ഇന്ത്യ ഭരിക്കാനാകുമോ?” എന്നായിരുന്നു അന്നത്തെ കവറിന്റെ തലക്കെട്ട്. അതേസമയം, വിവാദങ്ങളുണ്ടാക്കുന്ന, അതിമോഹിയായ, സാമര്‍ത്ഥ്യമുള്ള രാഷ്ട്രീയക്കാരനായും അവര്‍ മോദിയെ വിശേഷിപ്പിച്ചു.

അടുത്ത കവര്‍ ചിത്രം ടൈം മാഗസിന്‍ പുറത്തിറക്കിയത് 2015-ലായിരുന്നു. “വൈ മോദി മാറ്റേഴ്സ്” എന്ന തലക്കെട്ടോടു കൂടിയുള്ള കവറില്‍ മോദിയുടെ ഒരു പൂര്‍ണചിത്രവുമുണ്ടായിരുന്നു. മോദിയുമായുള്ള എക്സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്‍ മോദിക്കു കഴിയുമോ എന്ന ചോദ്യവും കവറിനോടൊപ്പം അവര്‍ നല്‍കിയിരുന്നു.

എന്നാല്‍, ഈ രണ്ട് കവറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍ മാഗസിന്‍ മോദിക്ക് നല്‍കുന്ന പരിവേഷം. വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത മോദിയുടെ ഭരണത്തെ അതിരൂക്ഷമായ ഭാഷയിലാണ് ടൈം മാഗസിന്‍ വിമര്‍ശിക്കുന്നത്. മോദിയുടെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രധാനമന്ത്രിക്ക് മേല്‍ പ്രത്യാശ പ്രകടിപ്പിച്ച ടൈം മാഗസിന്‍ തന്നെ.