തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിച്ച് തൃണമൂൽ എംപി മഹുവ മൊയിത്ര; മൗനം പാലിച്ച് മമതയും പാർട്ടി നേതൃത്വവും

എംപി മഹുവ മൊയ്ത്രക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, തൃണമൂൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. ലോക്‌സഭയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവയ്ക്കെതിരെ ഉയർന്ന ആരോപണം. ആരോപണങ്ങൾ ഏറെ വിവാദം സൃഷ്ടിക്കുമ്പൊഴും തൃണമൂൽ നേതൃത്വത്തിന്റെ മൗനം പാർട്ടിക്കുള്ളിലെ ഭിന്നതകളെ സൂചിപ്പിക്കുകയാണ്. ആരോപണത്തിന്റെ എല്ലാ ഭാരവും മഹുവയിൽ തന്നെ ഏൽപ്പിച്ച തരത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.

നടപടിക്രമം അതിന്റേതായ രീതിയിൽ എടുക്കട്ടെ. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് മുതിർന്ന ടിഎംസി നേതാവ് പ്രതികരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ അനന്തരവൻ അഭിഷേക് ബാനർജിയോ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവോ തയ്യാറായിട്ടില്ല. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയിൽ നിന്ന് മഹുവയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ മഹുവ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചു.അതേസമയം, മഹുവ മൊയിത്രയ്ക്കെതിരെ ലോക്പാലിന് പരാതി നൽകി നിഷികാന്ത് ദുബെ. മഹുവയുടെ പാർലമെൻറ് അക്കൗണ്ട് ദുബൈയിൽ ഉപയോഗിച്ചെന്നാണ് പരാതി.

അതേ സമയം തനിക്കെതിരെയുള്ള ആരോപണത്തെ ഒറ്റക്കാണ് മഹുവ നേരിടുന്നത്. അഭിഷേക് ബാനർജിയുമായി അടുത്ത നേതാവ് കുനാൽ ഘോഷ് പറഞ്ഞത് വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് . മഹുവയെക്കുറിച്ച് പാർട്ടിക്ക് ഒന്നും പറയാനില്ല. ഈ വിഷയത്തിൽ ടിഎംസി ഒരു പ്രതികരണവും പുറപ്പെടുവിക്കില്ലെന്നും കുനാൽ ഘോഷ് വ്യക്തമാക്കി.വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയിൽ നിന്നോ അഭിഷേകിൽ നിന്നോ ഉണ്ടാകുമെന്ന് മറ്റൊരു ടിഎംസി നേതാവും വ്യക്തമാക്കി.