മാംസാഹാരം ഇഷ്ടപ്പെടുന്നവർക്ക് അത് കഴിക്കാം, ബി.ജെ.പി സർക്കാരിന് അതിൽ പ്രശ്നമില്ല: ഗുജറാത്ത് മുഖ്യമന്ത്രി

ജനങ്ങളുടെ വ്യത്യസ്‌ത ഭക്ഷണരീതികളിൽ സംസ്ഥാന സർക്കാരിന് പ്രശ്‌നമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്ത് അഹമ്മദാബാദ് ഉള്‍പ്പെടെ വിവിധ നഗരങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ, “വൃത്തിഹീനമായ” ഭക്ഷണം വിൽക്കുന്നതോ നഗരങ്ങളിലെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ആയ തെരുവ് ഭക്ഷണ വണ്ടികൾക്കെതിരെ നടപടിയെടുക്കാമെന്ന് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

“ചിലർ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നു, ചിലർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നു, ബിജെപി സർക്കാരിന് അതിൽ ഒരു പ്രശ്നവുമില്ല. റോഡിൽ നിന്ന് ഭക്ഷണ വണ്ടികൾ നീക്കം ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഞങ്ങളുടെ ഒരേയൊരു ആശങ്ക, ഭക്ഷണ വണ്ടികളിൽ നിന്ന് വിൽക്കുന്ന ഭക്ഷണം വൃത്തിഹീനമാകരുത്,” ആനന്ദ് ജില്ലയിലെ ബന്ധാനി ഗ്രാമത്തിൽ ഒരു ബിജെപി പരിപാടിയെ അഭിസംബോധന ചെയ്ത് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

റോഡ് ഗതാഗതം തടസ്സപ്പെട്ടാൽ ഭക്ഷണ വണ്ടികൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വിവിധ നഗരങ്ങളിലെ റോഡുകളിൽ നിന്ന് നോൺ വെജിറ്റേറിയൻ ഭക്ഷണ വണ്ടികൾ നീക്കം ചെയ്യണമെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അഹമ്മദാബാദിൽ, ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ പൊതു റോഡുകളിലെയും സ്‌കൂളുകളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും 100 മീറ്റർ പ്രവർത്തിക്കുന്നവയുമായ നോൺ-വെജ് ഫുഡ് സ്റ്റാളുകളും നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു.

Read more

വഡോദര, രാജ്‌കോട്ട്, ദ്വാരക തുടങ്ങിയ നഗരങ്ങളിൽ നിന്നും നോൺ വെജ് ഭക്ഷണ വണ്ടികൾ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു.