വോട്ട് ചോർച്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ആരോപണങ്ങൾ ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കള്ളന്മാരെ കമ്മീഷൻ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി. വോട്ട് കൊള്ളയിൽ അതിരൂക്ഷമായ ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കാനോ ഒഴിവാക്കാനോ ഓൺലൈൻ അപേക്ഷ നൽകാനുള്ള സൗകര്യം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് രാഹുലിൻറെ ആരോപണം. എന്നാൽ ഓൺലൈൻ ആയി വോട്ട് തട്ടിപ്പ് നടത്താനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുന്നത്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പില് കർണ്ണാടകയിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍മാര്‍ അറിയാതെ ഓണ്‍ലൈനിലൂടെ നീക്കം ചെയ്തുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു ബൂത്തിലെ ആദ്യ വോട്ടറുടെ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ഐഡി ഉണ്ടാക്കിയാണ് മറ്റ് വോട്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷ നല്കുന്നത്. വോട്ടറുടേതല്ലാത്ത ഫോൺ നമ്പർ നല്കി ഒടിപി സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൽ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി.







