ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആനകള്‍ക്ക് എന്ത് കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ..., ഇവിടെ പോളിംഗ് ഡ്യൂട്ടിയിലുള്ളത് നൂറ് ഗജവീരന്‍മാര്‍, വിശ്വസ്തസേവനത്തിന് ശമ്പളവും പ്രസവാവധിയും, പിന്നെ പെന്‍ഷനും

രാജ്യം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പില്‍ ആനകള്‍ക്കെന്തു കാര്യം എന്നു ചോദിക്കുന്നവര്‍ പശ്ചിമബംഗാളിലേക്ക് വരണം. തടിപിടിക്കലും ഉത്സവത്തിന് എഴുന്നള്ളിക്കലും മാത്രമല്ല കൊമ്പന്‍മാരുടെ പണി. മറ്റുചില “ഒഫീഷ്യല്‍ ഡ്യൂട്ടി”കള്‍ കൂടി തങ്ങള്‍ക്കുണ്ടെന്ന് ഇവിടുത്തെ ആനകള്‍ പറയും.

ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആനകളും പങ്കാളികളാണ്. സംസ്ഥാന സര്‍ക്കാരാണ് ഇത്തരമൊരാശയം നടപ്പിലാക്കിയതെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളിലാണ് തിരഞ്ഞെടുപ്പ് സമയത്ത് ആനകളെ വ്യാപകമായി ആശ്രയിക്കുന്നത്. മനുഷ്യര്‍ക്ക് സഞ്ചാരം അസാധ്യമായ മേഖലകളായതു കൊണ്ടാണ് ഇങ്ങിനെ. ഏകദേശം നൂറോളം ആനകളെയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ പരിശീലനം നല്‍കി നിര്‍ത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും അതുവഴി, വഴിയില്ലാത്ത കാടും മേടും നിറഞ്ഞ വടക്കുകിഴക്കന്‍ മേഖലയിലെ പൗരന്‍മാര്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുകയും ചെയ്യും. പതിറ്റാണ്ടുകളായി ഇത്തരം ആനകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പോളിംഗ് സംവിധാനത്തിന്റെ ഭാഗമാണ്. കാല്‍നട പോലും അപ്രാപ്യമായ വടക്കന്‍ മേഖലയിലെ ഘോരവനങ്ങളില്‍ ഇത്തരം ആനകളില്ലാതെ പോളിംഗ് സാമഗ്രികള്‍ എത്തിക്കുക അസാധ്യം. ബോക്‌സാ ടൈഗര്‍ റിസര്‍വ്വ്, ഗാരുമാരാ ദേശീയ ഉദ്യാനം, മഹാനന്ദ വൈല്‍ഡ് ലൈപ് സാങ്ച്വറി, ഛപ്രമാരി വന്യജീവിസങ്കേതം എന്നിങ്ങനെയുള്ള മേഖലകളില്‍ ആനകളില്ലാതെ തിരഞ്ഞെടുപ്പ് അസാധ്യം. ഈ മേഖലയില്‍ ടൂറിസം ജോലികള്‍ക്കും ആനകളെ നിയോഗിക്കാറുണ്ട്. നൂറു ശതമാനം വിശ്വസിക്കാവുന്ന ബുദ്ധിയുള്ള ഇവയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ പരിഗണനയുമുണ്ട് ഈ മേഖലയിലെ വിദഗ്ധനായ എസ് എസ് ബിസ്ത് പറുയന്നു.

നീണ്ട പരിശീലനം കഴിഞ്ഞ് പത്ത് വയസിലാണ് ആനകള്‍ “ജോലി”യില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഓരോ ആനകളുടേയും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചുമതലകള്‍ നല്‍കുക. ഒഫീഷ്യല്‍ ഡ്യൂട്ടിയായതു കൊണ്ടു തന്നെ മാസവേതനം ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ആനകള്‍ക്കുമുണ്ട്. പിടിയാനകള്‍ക്ക് പ്രസവാവധിയുമുണ്ട്. 22 മാസം നീളുന്ന ഗര്‍ഭകാലത്ത് ആറാം മാസം മുതലാണ് പ്രസവാവധിയുള്ളത്. കുഞ്ഞിന് ഒരു വയസായതിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മതി. 60-ാം വയസ്സില്‍ വിരമിച്ച് പെന്‍ഷനും വാങ്ങി വിശ്രമജീവിതം ആസ്വദിക്കാം!