കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ ഈ വർഷം ഇടപെടില്ലെന്ന് സുപ്രീംകോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നൽകിയ അപ്പീലിൽ സ്റ്റേ ഇല്ല. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.
ഈ വർഷത്തെ പ്രവേശന നടപടികൾ തുടരാമെന്നും കോടതി നിർദ്ദേശിച്ചു. അപ്പീൽ സുപ്രീം കോടതി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളുടെ വാദം. 14 വർഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്ന പഴയ പ്രൊസ്‌പെക്ടസ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമായിരുന്നു ഹർജിക്കാരുടെ വാദം.