കോൺഗ്രസ് എന്നൊരു പാർട്ടി ഇന്ന് കേരളത്തിൽ ഇല്ല: പി.സി ചാക്കോ 

കോൺഗ്രസ് എന്നൊരു പാർട്ടി ഇന്ന് കേരളത്തിൽ ഇല്ലെന്നും ഉള്ളത് രണ്ട് പാർട്ടികളുടെ ഒരു ഏകോപനസമിതിയാണെന്നും ഒന്ന് ഐ കോൺഗ്രസും മറ്റൊന്ന് എ കോൺഗ്രസുമാണെന്ന് പി.സി ചാക്കോ. കേരളത്തിലെ മുഴുവൻ സീറ്റുകളും ഒന്നുകിൽ ഐ-യുടെ സീറ്റുകളാണ് അല്ലെങ്കിൽ എ-യുടെ സീറ്റുകളുണ്. ഐ-യുടെ സീറ്റുകളിൽ ഐ-യുടെ ആളുകളും എ-യുടെ സീറ്റുകളിൽ എ-യുടെ ആളുകളും മാത്രമാണ് മത്സരിക്കുന്നത്. കെ .പി.സി.സി കൂടുന്നത് ഒരു ഏകോപനസമിതിയായിട്ടാണെന്നും പി.സി ചാക്കോ ആരോപിച്ചു. കോൺഗ്രസ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

അഖിലേന്ത്യ കോൺഗ്രസ് പാർട്ടി നാൽപ്പത് പേരുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയെ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സമിതിയിൽ നാൽപ്പത് പേർ വരുന്നത് ആദ്യമായിട്ടാണ്. പതിനാല് പേരുടെ ഒരു സമിതി ഉണ്ടായിരുന്നു അത് നാൽപ്പത് പേരുടെ ഒരു സമിതി ആക്കി മാറ്റി. ആ സമിതി ഇതുവരെ ഒരു ചർച്ചയും സമിതിയിൽ നടത്തിയിട്ടില്ല എന്ന് പി.സി ചാക്കോ പറഞ്ഞു.

കോൺഗ്രസിന്റെ നടപടി ക്രമമനുസരിച്ച് പ്രദേശ് തിരഞ്ഞെടുപ്പ് സമിതിയിൽ സഥാനാർത്ഥികളുടെ പട്ടിക വയ്ക്കണം. അവിടെ ഓരോ നിയോജക മണ്ഡലത്തിലും ഒന്നിലേറെ സ്ഥാനാർത്ഥികളുടെ പേരുകൾ നിർദ്ദേശിക്കും. ഓരോ സീറ്റുകളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിച്ചും ചർച്ച നടത്തി ഈ സമിതി പട്ടിക സ്ക്രീനിംഗ് കമ്മിറ്റിക്ക് അയക്കണം. സ്ക്രീനിംഗ് കമ്മിറ്റി പട്ടിക ചുരുക്കി ഒരു പേരോ രണ്ട് പേരോ ആക്കി സെൻട്രൽ ഇലക്ഷന് കമ്മിറ്റിയിലേക്ക് അയക്കണം. ഈ കമ്മിറ്റിയാണ് അവസാനമായി ഓരോ ആളുകളെയും തീരുമാനിക്കുക.

പ്രാഥമികമായി ചെയ്യേണ്ടത് കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥികളുടെ പേരുകൾ അടങ്ങുന്ന പട്ടിക സമർപ്പിക്കുക എന്നുള്ളതാണ്. രണ്ട് പ്രാവശ്യം സമിതി കൂടിയപ്പോഴും ഈ പട്ടിക താനുൾപ്പെടുയുള്ളവർ ആവശ്യപ്പെടുകയുണ്ടായി എന്ന് പി.സി ചാക്കോ പറഞ്ഞു. എന്നാൽ പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസ്സിൽ മാത്രമാണുള്ളത്. അല്ലെങ്കിൽ അവരുടെ ഗ്രൂപ്പ് നേതാക്കന്മാരുടെ കയ്യിലാണെന്നും പി. സി ചാക്കോ കുറ്റപ്പെടുത്തി.

ഭൂരിഭാഗം നിയോജക മണ്ഡലത്തിലും പരിഗണിക്കപ്പെടുന്ന സ്ഥാനാർത്ഥികളുടെ പേര് ഇതുവരെ പ്രദേശ് ഇലക്ഷൻ കമ്മറ്റി അറിഞ്ഞിട്ടില്ല. ഒരു ജനാധിപത്യ പാർട്ടിയിൽ പ്രദേശ് ഇലക്ഷൻ കമ്മറ്റി എന്ന് പറയുന്നത് പേരുകൾ തിരഞ്ഞെടുത്ത് അത് പട്ടികപ്പെടുത്തി ചർച്ച ചെയ്ത് ഒഴിവാക്കേണ്ടത് ഒഴിവാക്കി കേന്ദ്രത്തിലേക്ക് അയക്കാൻ വേണ്ടി ഉള്ളതാണ്. ആ ഒരു പ്രക്രിയ നടക്കാതെയാണ് ഇപ്പോൾ സ്ക്രീനിംഗ് കമ്മറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. സ്ക്രീനിംഗ് കമ്മറ്റിയുടെ ചെയർമാൻ എച്ച്.കെ പാട്ടീൽ തന്നെ വിളിച്ചിരുന്നു എന്നും അദ്ദേഹത്തോട് ഇക്കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്നും ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായ തങ്ങളാരും ഈ പട്ടിക കണ്ടിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും പി. സി ചാക്കോ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ അപചയമാണ് പാർട്ടി വിടുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മുതിർന്ന കോൺഗ്രസ്  നേതാവും നാലുതവണ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ പി.സി ചാക്കോ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ അവഗണനയുണ്ടായെന്നും വിജയസാധ്യതക്കല്ല പരിഗണനയെന്നും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ  രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയെന്നും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ പി.സി ചാക്കോ അറിയിച്ചു.