'ഭരണഘടനാ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'സെക്യുലർ'വാക്കുകൾ ഒഴിവാക്കണം'; വീണ്ടും ഭരണഘടനയെ ലക്ഷ്യംവെച്ച് ആർഎസ്എസ്

ഭരണഘടനയെ ലക്ഷ്യംവെച്ച് ആർഎസ്എസ്. ഭരണഘടനാ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ആവശ്യപ്പെട്ടു. കോൺഗ്രസാണ് ഭരണഘടനയിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. അവർ ഉൾപ്പെടുത്തിയ ആ വാക്കുകൾ ഒഴിവാക്കണമെന്നാണ് ദത്താത്രേയ ആവശ്യപ്പെട്ടത്.

ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ദത്താത്രേയ ആവശ്യം ഉന്നയിച്ചത്. അൻപത് വർഷം മുൻപ് ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ ഇന്ന് ഭരണഘടനയുടെ പകർപ്പുമായി കറങ്ങുകയാണ്.

അടിയന്തരാവസ്ഥയുടെ കാലത്ത് പതിനായിരങ്ങളാണ് ജയിലുകളിലും മറ്റും ദുരിതം അനുഭവിച്ചത്. ജൂഡീഷ്യറിക്കും മാധ്യമങ്ങൾക്കും വരെ വിലക്കേർപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. അവരുടെ പൂർവികരാണ് അത് ചെയ്തത്. കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണം എന്നും ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആമുഖത്തിനെതിരെ സംഘ്പരിവാർ രംഗത്തെത്തുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സോഷ്യലിസ്റ്റ്, സെക്കുലാർ എന്നീ വാക്കുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ആമുഖമായിരുന്നു പങ്കുവെച്ചത്. റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഭരണഘടനയുടെ യഥാർത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. 2015 ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സമാനമായ രീതിയിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു.