ഇന്ന് നമ്മെ നയിക്കുന്ന വികാരം ഭയമാണ്... പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ഗാന്ധി പറഞ്ഞ സാഹചര്യം വന്നിരിക്കുന്നു: ടി. പത്മനാഭന്‍

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഗാന്ധി പറഞ്ഞ സാഹചര്യം വന്നിരിക്കുന്നു കാത്തു നില്‍ക്കാൻ ഇനി സമയമില്ലെന്നും പ്രശസ്ത എഴുത്തുകാരന്‍ ടി. പത്മനാഭന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംയുക്ത സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് സുപ്രഭാതം റിപ്പോർട്ട് ചെയ്തു.

സമത്വത്തിന്റെയും സമഭാവനയുടെയും ഇന്ത്യ പുലര്‍ന്നു കാണാന്‍ നാം കരയ്ക്ക് കയറി നില്‍ക്കാതെ കളിക്കളത്തിലിറങ്ങണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു. നാട് ചരിത്രത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇന്ന് നമ്മെ നയിക്കുന്ന വികാരം ഭയമാണ്. അവിശ്വാസത്തില്‍ നിന്ന് ഉയരുന്ന ഭയമാണത്.

Read more

ദശാബ്ദങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വിഷജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ വിളക്കുകള്‍ കെടുകയാണെന്നാണ് ദാര്‍ശനികര്‍ വിലപിച്ചത്. എന്നാല്‍ നമ്മുടെ നാട്ടില്‍ വിളക്കുകള്‍ കെടുകയല്ല. തല്ലിക്കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രി ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.