കൊലപാതകം ആസൂത്രണം ചെയ്തത്; ദർശനിൽ നിന്നും നിർണായക വിവരങ്ങൾ തേടി പൊലീസ്

കന്നഡ സൂപ്പർ സ്റ്റാർ ദർശൻ കൊലപാതക കേസിൽ അറസ്റ്റിൽ. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് രേണുകസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഈ കൊലപാതകം ദർശൻ ആസൂത്രണം ചെയ്തതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. മൈസൂരുവിൽ നിന്നാണ് ദർശനെ അറസ്റ്റ് ചെയ്തത്.

കാമാക്ഷി പാല്യ പോലീസാണ് ദർശനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇതുവരെ ആകെ പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദർശനെ ചോദ്യം ചെയ്ത വരികയാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് സോമനഹള്ളി സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്രദുർഗയിൽ താമസിച്ചിരുന്ന ഇയാൾ മെഡിക്കൽ സപ്ലൈസ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

പാലത്തിനടിയിലായാണ് മൃതദേഹം കണ്ടെത്തിയത്. രേണുകസ്വാമി കൊല്ലപ്പെട്ടത് ദർശൻ്റെ ബൗൺസർമാരാലാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ നായ്ക്കൾ തിന്നുന്ന നിലയിലായിരുന്നു. കണ്ടയുടനെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനെ വിളിക്കുകയായിരുന്നു. അതേസമയം ദർശനുമായി സൗഹൃദമുള്ള നടിയ്ക്ക് രേണുക അശ്ലീല സന്ദേശം അയച്ചിരുന്നു.