യമനിൽ വധശിക്ഷക്ക് വിശിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രൺധീര് ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നൽകിയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ വിശദമാക്കി. അതേസമയം നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട യെമന്‍ പൗരൻ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങിയെന്ന് റിപ്പോർട്ട്. നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്നാണ് സൂചന. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് കുടുംബത്തോട് സംസാരിച്ചത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും നിമിഷപ്രിയക്ക് വശശിക്ഷ കിട്ടണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. തലാലിന്റെ കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നാലെ ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നറിയിച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും കുടുംബാംഗമായ അബ്‌ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ലെന്നും ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി.