ഡല്‍ഹി കലാപത്തിന് കാരണം ബി.ജെ.പി നടത്തിയ അപകടകരമായ പ്രചാരണങ്ങള്‍; മോദിക്ക് എതിരെ ദ ഗാര്‍ഡിയന്‍ ദിനപത്രം

ഡല്‍ഹി കലാപത്തിന് കാരണം മോദിയും ബി.ജെ.പി നടത്തിയ അപകടകരമായ പ്രചാരണങ്ങളുമാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍. വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ പെട്ടെന്നുണ്ടായ കാരണങ്ങള്‍ മാത്രമോ കാലാകാലങ്ങളായി നിലനില്‍ക്കുന്ന മതചേരിതിരിവോ അല്ലെന്ന് ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ പറയുന്നു.

മുസ്ലിം പള്ളികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയും വീടുകളില്‍ കയറി അവരെ ആക്രമിക്കുകയും ചെയ്തതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വെറുപ്പ് വളര്‍ത്തിയെടുത്തതാണ് കാരണം. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ഇതിന് ഉത്തരവാദികളെന്ന് പത്രം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സംഭവങ്ങള്‍ക്കുള്ള അടിയന്തര കാരണം അനീതി നിറഞ്ഞ പൗരത്വ നിയമ ഭേദഗതിയും ബിജെപി നടത്തിയ അപകടകരമായ പ്രചാരണങ്ങളുമാണ്. നിയമ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിങ്ങളെ ബലമായി നീക്കം ചെയ്യണമെന്ന ബിജെപി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ പ്രസ്താവനകളും പ്രകോപനം സൃഷ്ടിച്ചു. മുസ്ലിങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പത്രം പറയുന്നു. ദുര്‍ബലരായ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ദേശീയതയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്.

പൊലീസിന്റെ നീതികരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് അമിത് ഷാ രാജി വെയ്ക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ സോണിയാഗാന്ധിയെ പ്രേരിപ്പിച്ചതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ഇതേ അമിത് ഷാ തന്നെയാണ് കുടിയേറ്റക്കാരെ ചിതലുകള്‍ എന്ന് വിശേഷിപ്പിച്ചതെന്ന കാര്യവും പത്രം ചൂണ്ടിക്കാട്ടി. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയത്തിന് മറയിടാന്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന, മോദിയുടെ വൈകിയുള്ള പ്രസ്താവനയ്ക്ക് കഴിയില്ലെന്നും പത്രം പറഞ്ഞു.

സമാധാനം പാലിക്കണമെന്ന മോദിയുടെ ആഹ്വാനം വളരെ വൈകിയായിരുന്നെന്ന് പറയുന്ന ഗാര്‍ഡിയന്‍. പിന്നീട് ചൂണ്ടിക്കാട്ടുന്നത് 2002- ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെ കുറിച്ചാണ്.

1000- ത്തിലേറെ മുസ്ലിങ്ങളുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ സംഭവം ഗാര്‍ഡിയന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി വിജയിച്ചതാണ് അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ ഈ മുഖം മാറാന്‍ കാരണമായതെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഗാര്‍ഡിയന്റെ മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.