വിദേശകാര്യ മന്ത്രി താലിബാൻ നേതാക്കളെ കണ്ടെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ

ഖത്തർ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഇത്തരത്തിൽ ഉള്ള പ്രചാരണം തെറ്റാണെന്നും അത് ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി താലിബാൻ നേതാക്കളെ കണ്ടുവെന്ന് ചില മാദ്ധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.

ഭാവിയിൽ ഇന്ത്യയുമായുള്ള താലിബാന്റെ ബന്ധം പാകിസ്ഥാന്റെ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രിക്ക് ഉറപ്പ് ലഭിച്ചു എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ദോഹയിൽ ഖത്തർ അധികൃതരുമായി വിദേശകാര്യമന്ത്രി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ചില റിപ്പോർട്ടുകൾ പുറത്ത് വന്നത്.