പെഗാസസിൽ അന്വേഷണത്തിന് സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ച്‌ കേന്ദ്രം

പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമായ മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത്തരം തെറ്റായ ആഖ്യാനം ഇല്ലാതാക്കാൻ ഒരു വിദഗ്ദ്ധ സമിതി വിഷയം പരിശോധിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഭരണകൂടങ്ങൾക്ക് മാത്രം ലഭ്യമാകുന്ന ഇസ്രായേൽ നിർമ്മിത പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തി എന്ന സമീപകാല റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേന്ദ്രം നിഷേധിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അഡീഷണൽ സെക്രട്ടറി സമർപ്പിച്ച രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം നിഷേധിച്ചിരിക്കുന്നത്.

ഊഹാപോഹങ്ങളും അനുമാനങ്ങളും അടിസ്ഥാനരഹിതമായ മാധ്യമ റിപ്പോർട്ടുകളും അപൂർണ്ണമായതോ സ്ഥിരീകരിക്കാത്തതോ ആയ വസ്തുതകളും അടിസ്ഥാനമാക്കിയുള്ളതാണ് ആരോപണങ്ങളെന്നും ഇത് സർക്കാർ നിഷേധിക്കുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പെഗാസസുമായി ബന്ധപ്പെട്ട് ഹർജിക്കാർക്ക് ഒരു കേസും ഉയർത്തി കൊണ്ടുവരാനായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ചില സ്ഥാപിത താത്പര്യങ്ങളാൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ ആഖ്യാനങ്ങൾ ഇല്ലാതാക്കാനും, ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും പ്രശ്നത്തിന്റെ എല്ലാ വശങ്ങളിലേക്കും കടന്നു ചെല്ലാനും സർക്കാർ ഈ മേഖലയിലെ വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കും എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.