ഫോട്ടോയെടുക്കാന്‍ ക്യാമറയില്‍ ചാര്‍ജ്ജില്ല; ജന്മദിനാഘോഷത്തിനിടെ ഫോട്ടോഗ്രാഫറെ വെടിവച്ച് കൊലപ്പെടുത്തി

ബീഹാറില്‍ ജന്മദിനാഘോഷത്തിനിടെ ഫോട്ടോഗ്രാഫറെ വെടിവച്ച് കൊലപ്പെടുത്തി. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം നടന്നത്. ക്യാമറയില്‍ ചാര്‍ജ്ജില്ലാത്തതിനെ തുടര്‍ന്നാണ് സുശീല്‍ സാഹ്നി എന്ന ഫോട്ടോഗ്രാഫര്‍ക്ക് നേരെ പ്രതികള്‍ വെടിയുതിര്‍ത്തത്. കേസിലെ പ്രധാന പ്രതി രാകേശ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷത്തിനിടെയാണ് കൊലപാതകം.

സുശീല്‍ സാഹ്നി ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ക്യാമറയുടെ ബാറ്ററിയ്ക്ക് ചാര്‍ജ്ജ് കുറവായതിനാല്‍ ചടങ്ങിനിടെ സുശീല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനായി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ സുശീല്‍ മടങ്ങിയത് പ്രതികളില്‍ പ്രകോപനം സൃഷ്ടിച്ചു.

ഇതേ തുടര്‍ന്ന് ക്യാമറ ചാര്‍ജ്ജ് ചെയ്ത ശേഷം മടങ്ങിവരാന്‍ സുശീലിനോട് പ്രധാന പ്രതി രാകേശ് ആവശ്യപ്പെട്ടു. മടങ്ങിയെത്തിയ സുശീലുമായി രാകേശ് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രതിയും കുടുംബാംഗങ്ങളും സുശീലിന്റെ വായിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം സുശീലിന്റെ മൃതദേഹം ഡിഎംസിഎച്ച് ഹോസ്പിറ്റലിന്റെ ഗേറ്റിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.

Read more

പ്രധാന പ്രതി രാകേശ് സാഹ്നിയുടെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒളിവിലാണ്. രാകേശ് സാഹ്നി അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. സുശീലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.