മൂന്നാം ദിനവും തിരിച്ചു വരാതെ ബിജെപിയുടെ വെബ്സൈറ്റ്, നടന്നത് ഗുരുതര ഹാക്കിംഗ്

ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ്(http://www.bjp.org) ഹാക്ക് ചെയ്ത സംഭവം മൂന്ന് ദിവസം പിന്നിടുമ്പോഴും വെബ്സൈറ്റ് പ്രവര്‍ത്തന രഹിതം. ഈ മാസം അഞ്ചിന്  രാവിലെ 11.30 നാണ് വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്. ഇതോടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. ഗുരുതര സ്വഭാവമുള്ള ഹാക്കിംഗ് നടന്ന് കൊണ്ടാണ് വെബ്സൈറ്റ് പുനഃസ്ഥാപിക്കുന്നതിന് ബിജെപിക്ക് സമയമെടുക്കുന്നതെന്നാണ് വിവരം.

വെബ്‌സൈറ്റില്‍ മോശമായ പരാമര്‍ശങ്ങളോടെ ഒരു മീമും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും നില്‍ക്കുന്ന ചിത്രമാണ് മീമായി നല്‍കിയിരുന്നത്. ഇതിന് പുറമെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ബൊഹീമിയന്‍ റാപ്സഡിയുടെ മ്യൂസിക് വീഡിയോയുടെ യുട്യൂബ് ലിങ്കും സൈറ്റില്‍ ഹാക്കര്‍മാര്‍ നല്‍കിയിരുന്നു.

അന്ന് തന്നെ വെബ്സൈറ്റ് തിരിച്ചുപിടിച്ച ബിജെപി പുനഃസ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. പക്ഷേ ഇപ്പോഴും പുനഃസ്ഥാപിക്കുന്നതിന് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്ത വെബ്സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.