സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആവുന്നു; പിണറായി വിജയന് ഇളവ് ലഭിച്ചേക്കും

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അം​ഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനം. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് 75 വയസ്സെന്ന പ്രായപരിധി ബാധകമാക്കുമെന്നും കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആയി കുറയ്ക്കാനാണ് തീരുമാനം. പദവികളിൽ ഇരിക്കുന്നവർക്ക് ഇളവ് നൽകും. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.

പിണറായി വിജയനും എസ്. രാമചന്ദ്രൻ പിള്ളയുമാണ് നിലവിൽ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയിൽ 75 വയസിന് മുകളിലുളളത്. അതേസമം കേന്ദ്ര കമ്മിറ്റി യോ​ഗത്തിലെ വിശാദാംശങ്ങളും യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പശ്ചിമബം​ഗാളിൽ പാർട്ടി നേരിട്ടത് വൻ തകർച്ചയെന്നാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.  കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമികവ് അംഗീകരിച്ചെന്നും കമ്മിറ്റി വിലയിരുത്തി.

കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തി.