ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിച്ചു

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനത്തില്‍ ഗ്വാളിയര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് ഉള്ളത്. ഇവയെ കുനോയിലേക്കു കൊണ്ടുപോകും.

കുനോ ദേശീയ പാര്‍ക്കില്‍ ഇവയ്ക്കായി പ്രത്യേക ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സജ്ജമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി വിശദമാക്കി. ക്വാറന്റൈന്‍ കാലം കഴിയുന്നതോടെയാണ് ഇവയെ പാര്‍ക്കിലേക്ക് തുറന്നുവിടുക.

നമീബിയയില്‍ നിന്ന് നേരത്തെ എട്ട് ചീറ്റപ്പുലികളെ രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്.

കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. 1952 ല്‍ രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിച്ചിരുന്നു.