സുനന്ദ കേസില്‍ തരൂര്‍ കുറ്റക്കാരനാണോ എന്നതില്‍ വിധി ഓഗസ്റ്റ് 18ന്

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി ഓഗസ്റ്റ് 18ന്, കേസില്‍ കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കോടതി സമയം അനുവദിച്ചു. കേസില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നായിരുന്നു അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണോ എന്നതിലാണ് ഡല്‍ഹി റോസ് അവന്യു കോടതി വിധി പറയാന്‍ മാറ്റിയത്.

ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു. ശശി തരൂരിന് മേലുള്ള ആത്മഹത്യ പ്രേരണ കുറ്റവും കൊലക്കുറ്റവും ചുമത്തിയ പ്രോസിക്യൂഷന്‍ നടപടിയാണ് കേസിന് ആധാരം. സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് പോലും ശാസ്ത്രീയമായി പ്രോസിക്യൂഷന് കണ്ടെത്താനായിട്ടില്ല.

എന്നാല്‍ സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും ആരോപണമുണ്ട്. കുറ്റം ചുമത്തുന്നതില്‍ കോടതി നിലപാട് നിര്‍ണായകമാകും. അതേസമം നരഹത്യ കുറ്റവും നിലനില്‍ക്കില്ല, സുനന്ദയുടേത് ആകസ്മിക മരണമാണ് എന്നാണ് തരൂര്‍ പറയുന്നത്. വിഷം കുത്തിവെച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.