ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വ. ഇത് തനിക്ക് ലഭിച്ച പദവിയാണെന്നും ബഹുമതിയാണെന്നും മാര്‍ഗരറ്റ് ആല്‍വ ട്വീറ്ററില്‍ കുറിച്ചു.
‘ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഒരു പദവിയും ബഹുമതിയുമാണ്. ഈ നോമിനേഷന്‍ ഞാന്‍ വളരെ വിനയത്തോടെ സ്വീകരിക്കുകയും പ്രതിപക്ഷ നേതാക്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുകയും ചെയ്യുന്നു’ മാര്‍ഗരറ്റ് ആല്‍വ ട്വീറ്റില്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. എന്‍സിപി നേതാവ് ശരത് പവാറാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിത്. കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്നു.
ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും. പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളേജ് ആണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
Read more
ലോക്സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്റ്റ് 6ന് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ പാര്‍ലമെന്റില്‍ നടക്കും.







