ബോധം പോകുന്നത് വരെ അഞ്ച് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ബിഹാറില്‍ അഞ്ച് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ബോധം നഷ്ടമായി. പാട്നയിലെ ധനരുവ ബ്ലോക്കിലെ ഒരു കോച്ചിങ് സെന്ററിലാണ് സംഭവം. മർദ്ദനത്തിന് ഇരയായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദന ദൃശ്യം പുറത്ത് വന്നതോടെ അധ്യാപകനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല.

ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്. ഛോട്ടുവിന് ബിപി കൂടുതലായതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് കോച്ചിങ് സെന്റർ ഉടമ അമർകാന്ത് കുമാർ പറഞ്ഞത്. വീഡിയോയിൽ കുട്ടിയെ ആദ്യം വടി ഉപയോഗിച്ചാണ് അധ്യാപകൻ അടിക്കുന്നത്. വേദന സഹിക്കാതെ കുട്ടി നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

അടിച്ചതിന് പിന്നാലെ വടി രണ്ടായി ഒടിയുന്നതും, ദേഷ്യം സഹിക്കാൻ പറ്റാതെ അധ്യാപകൻ   കൈ കൊണ്ട് കുട്ടിയെ അടിക്കുകയും ഇടിക്കുകയും തല മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നു. തന്നെ അടിക്കരുതെന്ന് കുട്ടി അപേക്ഷിച്ചിട്ടും അധ്യാപകൻ പിന്നെയും മർദ്ദിക്കുകയാണ്. മറ്റ് കുട്ടികളെല്ലാം പേടിയോടെയാണ് നോക്കി നിൽക്കുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ബോധം നഷ്ടപ്പെട്ട കിടന്ന കുട്ടിയെ   ആശുപത്രിയിൽ എത്തിച്ചത്.

Read more

അതേസമയം വിഡിയോ പുറത്ത് വന്നതോടെ വലിയ തരത്തിലുള്ള രോഷമാണ് ഉയരുന്നത്. ഈ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇയാളെയും ഇതേപോലെ മർദിക്കണമെന്നും ഒരുപക്ഷം പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്