സുഹൃത്തിന്റെ വിവാഹത്തിന് ഒരു കെട്ട് ഉളളി സമ്മാനമായി നല്‍കി യുവാക്കള്‍

ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഒരു കെട്ട് ഉള്ളിയാണ് സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനമായി യുവാക്കള്‍ നല്‍കിയത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉറ്റചങ്ങാതിക്ക് 180 രൂപക്ക് മുകളില്‍ വില എത്തിനില്‍ക്കുന്ന ഉള്ളി സമ്മാനമായി നല്‍കിയത്.

സുഹൃത്തുക്കള്‍ വരനും വധുവിനും ഉള്ളികെട്ട് സമ്മാനമായി നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. തമിഴ്‌നാട്ടില്‍ ഒരാഴ്ചയായി 150 മുതല്‍ 160 വരെയാണ് ഉള്ളി വില. ബംഗളുരുവില്‍ ഇത് 200 ആണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉള്ളി വില പഴയനിലയിലാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

ഉള്ളി സൗജന്യമായി നല്‍കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം പയറ്റുന്നവരും തമിഴ്‌നാട്ടിലുണ്ട്. ഒരു കിലോ ഉള്ളിയാണ് കടയുടമ സൗജന്യമായി നല്‍കുന്നത്. എന്നാല്‍, സൗജന്യമായി ഉള്ളി കിട്ടണമെന്നുണ്ടെങ്കില്‍ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. കടയില്‍ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജനയമായി നല്‍കുകയുള്ളു.പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആര്‍ മൊബൈല്‍സ് കടയാണ് പുതുപുത്തന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.