പാക് അധീന കശ്മീരിനെ കുറിച്ച്‌ മാത്രമേ ഇനി ചർച്ചയുള്ളൂ എന്ന് രാജ്‌നാഥ് സിംഗ്; നിലപാട് കടുപ്പിച്ച് ഇന്ത്യ

പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകൾ നടക്കണമെങ്കിൽ അത് ജമ്മു കശ്മീരിനെ കുറിച്ചല്ല മറിച്ച് പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ കുറിച്ചായിരിക്കും എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനുമായുള്ള രാജ്യത്തിന്റെ കടുത്ത നിലപാടിനെ പറ്റി സൂചന നൽകുന്നതായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വാക്കുകൾ. 1947 ൽ ജമ്മു കശ്മീരിൽ അധിനിവേശം നടത്തി പാകിസ്ഥാൻ നിയന്ത്രണത്തിലാക്കിയ പ്രദേശമാണ് പാക് അധീന കശ്മീർ.

ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന ഹരിയാനയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് കശ്മീർ വിഷയത്തിലെ ഇന്ത്യയുടെ കടുത്ത നിലപട് അറിയിച്ചത്.

ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാകിസ്ഥാന്റെ നടപടികൾ നിർത്തണമെന്ന സർക്കാരിന്റെ നിലപാടും രാജ്‌നാഥ് സിംഗ് ആവർത്തിച്ചു.

ആണവായുധ നയത്തിന്റെ മൂലക്കല്ലായ “ആദ്യ ഉപയോഗമില്ല” എന്ന പ്രതിജ്ഞ റദ്ദാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ഈ അഭിപ്രായം വന്നിരിക്കുന്നത്.

Read more

വിവിധ അന്താരാഷ്ട്ര വേദികളിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശനാത്മകമായി ഉയർത്തിക്കാട്ടാനുള്ള പാകിസ്ഥാന്റെ നീക്കത്തിനുള്ള പ്രതികരണമാണ് രാജ്‌നാഥ് സിംഗിന്റെ വാക്കുകൾ.