ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യു.പി, ഡല്‍ഹി പൊലീസ്പ്രവര്‍ത്തിക്കണം: മായാവതി

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. സംഭവത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് പൊലീസ് ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് മായാവതി പറഞ്ഞു.

“സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഉറങ്ങുകയാണ്. ഇവിടെത്തേയും ഡല്‍ഹിയിലേയും പൊലീസ് ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. ഉത്തര്‍പ്രദേശില്‍ കുറ്റവാളികളെ സംസ്ഥാന അതിഥികളെ പോലെയാണ് പരിഗണിക്കുന്നത്. ജംഗിള്‍ രാജാണ് ഇപ്പോള്‍ സംസ്ഥാനത്ത്  നടന്നുകൊണ്ടിരിക്കുന്നത് “”മായാവതി പ്രതികരിച്ചു.

ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read more

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.