നിർഭയ കേസ് : മുകേഷ് സിംഗിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ, രാഷ്ട്രപതിയുടെ തീർപ്പ് ചോദ്യം ചെയ്യാനാകില്ലെന്ന് സോളിസിറ്റർ ജനറൽ

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതി നാളെ വിധി പറയും. പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ വിധി പറയുന്നത്. ജഡ്ജിമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസിൽ വാദം കേട്ടത്.

കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതികളെ ഏകാന്തതടവിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് മുകേഷ് സിംഗിന് വേണ്ടി ഹാജരായ അഡ്വ. അഞ്ജന പ്രകാശ് വാദിച്ചു. ദയാഹർജിയിൽ തീരുമാനമെടുക്കുന്നത്തിന് ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് നല്‍കിയിരുന്നില്ലെന്നും അവർ പറഞ്ഞു. പ്രതികളിൽ ഒരാളായ രാം സിംഗ് ജയിലിൽ കൊല്ലപ്പെട്ടതാണെന്ന് അവർ വാദിച്ചു. എന്നാൽ ഇത് ആത്മഹത്യയാക്കുകയായിരുന്നു.

എന്നാൽ രാഷ്ട്രപതി ദയാഹർജി തള്ളിയ നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അത് പ്രസിഡന്റിൽ നിക്ഷിപ്തമായ അധികാരമാണ്. മാത്രമല്ല ആവശ്യമായ എല്ലാ രേഖകളും അദ്ദേഹത്തിന് സമർപ്പിച്ചിട്ടുണ്ട്. ദയാഹർജിയിൽ തീരുമാനമെടുത്തത് ധൃതി പിടിച്ചാണെന്ന വാദവും അദ്ദേഹം ഖണ്ഡിച്ചു. ജനുവരി 17- നാണ് രാഷ്‌ട്രപതി ദയാഹർജി തള്ളിയത്. അതിന് മൂന്ന് ദിവസം മുമ്പാണ് ഹർജി സമർപ്പിച്ചത്.