ഭരണ സംവിധാനത്തിലിരിക്കുന്നവര്‍ 'പദ്മാവതി' ക്കെതിരെ പരസ്യപ്രസ്താന നടത്തരുതെന്ന് സുപ്രീം കോടതി

ഭരണ സംവിധാനത്തിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്‌ക്കെതിരെ ഇനി പരസ്യപ്രസ്താന നടത്തരുടെതന്ന് സുപ്രീം കോടതി. പൊതുഭരണ സംവിധാനത്തിലുള്ളവരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരും നിരന്തരം പദ്മാവതി സിനിമയ്ക്കതെതിരെ നടത്തുന്ന പ്രസ്തവാനകള്‍ സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് ലീല ഭന്‍സാലി ചിത്രം പത്മാവതി ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നായിരുന്നു ഗുജറാത്ത്, മധ്യപ്രദേശ,് രാജസ്ഥാന്‍, മുഖ്യമന്ത്രിമാര്‍ പരസ്യമായി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രിമാരും സംഘപരിവാര്‍ സംഘടനകളും വ്യാപക പ്രതിഷേധമാണ് പദ്മാവതി സിനിമയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

പത്മാവതിയുടെ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകകരിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യവും കോടതി തള്ളി. ഈ മാസം ഇത് മൂന്നാം തവണയാണ് പദ്മാവതി സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളുന്നത്.

പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ച് രാജസ്ഥാനില്‍ സംഘപരിവാര്‍ സംഘടന തിയേറ്റര്‍ ആക്രമിച്ചിരുന്നു. രാജസ്ഥാനിലെ കോട്ടയിലാണ് രജപുത് കര്‍ണി സേനയുടെ നേതൃത്വത്തില്‍ തിയേറ്റര്‍ ആക്രമിച്ചത്. ആകാശ് സിനിമ ഹാളിന് നേരെയാണ് സംഘപരിവാര്‍ ആക്രമണം നടത്തിയത്

നേരത്തെ, ബിജെപിയുടെ ഹരിയാന വക്താവ് സൂരജ് പാല്‍ സംവിധായകന്‍ സജ്ഞയ് ലീലാ ബന്‍സാലിയുടെയും നായിക ദീപികയുടെയും തലവെട്ടണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രജപുത് കര്‍ണിസേന പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഇവര്‍ ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ദീപിക പദുകോണ്‍, രണ്‍വീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 160 കോടി രൂപ മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രീകരണം തുടങ്ങിയതു മുതല്‍ വാര്‍ത്തകളിലിടം പിടിച്ച ചിത്രമാണ് പദ്മാവതി. ഹിന്ദു രജ്പുത് രാജകുമാരിയായ പദ്മാവതിയോട് ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് പ്രണയം തോന്നുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമയില്‍ പറയുന്നത്. പദ്മാവതി സിനിമ രജപുത്രരെ മോശമായി ചിത്രീകരിച്ചെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

വിവാദത്തിനിടെ ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കു പിന്തുണയുമായി സിനിമാലോകം രംഗത്തെത്തിയിരുന്നു. പദ്മാവതി സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റു നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ ചലച്ചിത്രടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും പങ്കെടുത്തിരുന്നു.