"ഇതിനൊരു അവസാനം ഉണ്ടാകണം" ആരാധനാലയ നിയമത്തിലെ പുതിയ ഹർജികൾ കേൾക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ആരാധനാലയം തിരിച്ചുപിടിക്കുന്നതിനോ അതിന്റെ സ്വഭാവം മാറ്റുന്നതിനോ വേണ്ടിയുള്ള കേസ് ഫയൽ ചെയ്യുന്നത് തടയുന്ന നിയമമാണ് 1991 ലെ ആരാധനാലയ നിയമം. എന്നാൽ ആരാധനാലയങ്ങൾ തിരിച്ചു പിടിക്കുന്നതിന് വേണ്ടി ഈ വിഷയത്തിൽ സമർപ്പിച്ച പുതിയ ഹർജികളുടെ കൂമ്പാരങ്ങളിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതൃപ്തി പ്രകടിപ്പിച്ചു. “മതി, മതി. ഇതിന് ഒരു അവസാനം ഉണ്ടാകണം.” ഇന്ന് രാവിലെ നടന്ന ഒരു വാദം കേൾക്കലിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീം കോടതി പുതിയ ഹർജികൾ പരിഗണിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ, ഇതുവരെ സമർപ്പിച്ച പുതിയ ഹർജികളിൽ നോട്ടീസ് അയയ്ക്കാൻ വിസമ്മതിച്ചെങ്കിലും, കൂടുതൽ കാരണങ്ങളോടെ ഇടപെടൽ ഹർജി ഫയൽ ചെയ്യാൻ കോടതി അനുവദിച്ചു. തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാനുള്ള നിയമപരമായ ശ്രമങ്ങൾ എന്ന നിലക്കുള്ള ഹർജികൾ വാദം കേൾക്കുന്നത് തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമർശങ്ങൾ ഉണ്ടായത്.

Read more

1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് നിരോധിക്കുന്നതിനായി 1991 ൽ നിയമം പാസാക്കിയിരുന്നു. ബാബരി മസ്ജിദ് തർക്കം അതിന്റെ പരിധിക്ക് പുറത്തായിരുന്നു. നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള ആദ്യ ഹർജി അശ്വിനി കുമാർ ഉപാധ്യായയാണ് സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം 10 പള്ളികൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഹിന്ദു കക്ഷികൾ നൽകിയ 18 കേസുകളിലെ നടപടികൾ കോടതി നിർത്തിവച്ചു.