ഓക്സിജന്‍ ക്ഷാമം: കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി; കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

ഓക്സിജന്‍ ക്ഷാമത്തിൽ കേന്ദ്ര സര്‍ക്കാരിന് എതിരായ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ. അതേസമയം ഓക്സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ഡല്‍ഹിയില്‍ ആവശ്യമായ ഓക്സിജന്‍ ഉറപ്പാക്കണമെന്നും ഡൽഹിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരും ഡല്‍ഹി ചീഫ് സെക്രട്ടറിയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കോടതി നിര്‍ദേശം നൽകി. ജനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ക്ക് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ഡൽഹി ഹൈക്കോടതി നീങ്ങിയത്. കാരണംകാണിക്കല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.