അബ്ദുല്‍ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിരീക്ഷണം. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട്  മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസിൻറെ നിരീക്ഷണം. മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി.

കേസില്‍ 2014 ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ ജാമ്യവ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

ബെംഗളൂരുവില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീംകോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യസ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.