എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ലോക്സഭ തിരഞ്ഞെടുപ്പു ഫലം പുറത്തു വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വിവി പാറ്റു  രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജി തന്നെ വിഡ്ഢിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു സംഘം സാങ്കേതിക വിദഗ്ധരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ചും ഇന്ന് വിവി പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നുണ്ട്.

50% ബൂത്തുകളിലെ രസീതുകള്‍ ഒത്തു നോക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ വിശ്വാസം ഉറപ്പാക്കാന്‍ 33% ബൂത്തുകളിലെയെങ്കിലും വിവി പാറ്റ് രസീതുകള്‍ ഒത്തു നോക്കണമെന്നായിരുന്നു മനു അഭിഷേക് സിങ്വി ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദിച്ചത്. അതു സാധ്യമല്ലെങ്കില്‍ 25% ബൂത്തുകളിലെങ്കിലും ഒത്തു നോക്കല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഓരോ ബൂത്തുകളിലേയും 5% വിവി പാറ്റുകള്‍ എണ്ണാമെന്ന് വ്യക്തമാക്കി നേരത്തെ നല്‍കിയ നിര്‍ദ്ദേശം പരിഷ്‌കരിക്കില്ലെന്ന് കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ വിധി വന്ന ശേഷവും ചന്ദ്രബാബു നായിഡു, ഡി.രാജ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് ആവശ്യം ആവര്‍ത്തിച്ചിരുന്നു.