താന്‍ ഇപ്പോഴും ചായ തയ്യാറാക്കുന്നുണ്ട്, അതു പറയുമ്പോള്‍ ആളുകള്‍ക്ക് അമ്പരപ്പ്; തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയവും വികസനവും പറയാതെ മോദിയുടെ അഭിമുഖങ്ങള്‍

തിരഞ്ഞെടുപ്പ് കാലത്ത് സാധാരണ രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയവും വികസനവും പറഞ്ഞ് അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വ്യത്യസ്തനായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാല്യകാല സ്മരണകളും സ്വന്തം ശീലങ്ങളുമാണ് മോദി ഇത്തരം അഭിമുഖങ്ങളില്‍ ഏറെ പറയുന്നതെന്നാണ് ശ്രദ്ധേയം.

താന്‍ ഇപ്പോഴും ചായ തയ്യാറാക്കുന്നുണ്ട്. അത് പറയുമ്പോള്‍ ആളുകള്‍ക്ക് അമ്പരപ്പാണ് അനുഭവപ്പെടുന്നതെന്ന് നരേന്ദ്ര മോദി ‘ആജ് തക്കിന്’ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രകൃതിയെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിയാണ് താന്‍. വീട്ടിലായിരിക്കുമ്പോള്‍ തനിക്ക് വേണ്ട ചായ ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.

കിച്ച്ഡി ഏറെ ഇഷ്ടമാണ്. അതും തനിയെ പാചകം ചെയ്യും. പണ്ട് രാവിലെ 4.30 നോ അഞ്ച് മണിക്കോ ആയിരിക്കും എഴുന്നേല്‍ക്കുന്നത്. തുടര്‍ന്ന് വീട് വൃത്തിയാക്കുക, എല്ലാവര്‍ക്കും ചായയുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യും. പിന്നീട് താന്‍ പ്രാതലും പാകം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ അക്ഷയ് കുമാറിന് അനുവദിച്ച് അഭിമുഖത്തിലും മോദി രാഷ്ട്രീയം പറഞ്ഞില്ല. പകരം പഴയ കാല സ്മരണകളായിരുന്നു അദ്ദേഹം സംസാരിച്ചതില്‍ അധികവും.