പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ ഒഴിവാക്കും; വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. 21 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.

സിഎഎയും യുസിസിയും നടപ്പാക്കില്ല, പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരീക്ഷ തമിഴില്‍, സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഗവര്‍ണര്‍ നിയമനം, ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ല, റെയില്‍വേ വകുപ്പിന് പ്രത്യേക സാമ്പത്തിക സഹായം ഉറപ്പുവരുത്തും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

നേരത്തെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നല്‍കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്.