ആരോഗ്യം ഭദ്രം; ഉദയനിധി തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകില്ല; നടക്കുന്നത് കുപ്രചാരണം; അഭ്യൂഹങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്‍

മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. ഡിഎംകെ യൂത്ത് വിങ് കോണ്‍ഫറന്‍സിനെ എതിര്‍ക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നതെന്നും അദേഹം പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങള്‍ സ്റ്റാലിന്‍ തള്ളി. ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ട്.

എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊര്‍ജസ്വലനല്ലെന്നുമാണ് അവര്‍ പറയുന്നത്. ആ വാര്‍ത്ത കണ്ട് ഞാന്‍ ചിരിച്ചുപോയി. എനിക്ക് എന്താണ് കുഴപ്പം? എന്നെപ്പറ്റിയല്ല, ജനങ്ങളെപ്പറ്റിയാണ് എന്റെ ചിന്ത. ജനങ്ങളുടെ സന്തോഷമാണ് എന്നെ ഊര്‍ജസ്വലനാക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സേലത്തെ സമ്മേളനത്തിന് തയാറെടുക്കുമ്പോള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ”യൂത്ത് വിങ് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കരുത്. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യം. ഇതിനെ എതിര്‍ക്കുന്നവര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.