ശുദ്ധിയും അശുദ്ധിയും നിര്‍ണയിക്കുന്ന അതിര്‍ത്തികള്‍; ഇന്ത്യയിലെ ജാതീയതയുടെ ഭീകരത വെളിവാക്കുന്ന 'ഇന്ത്യ അണ്‍ ടച്ച്ഡ്'

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയത ഒരു ചര്‍ച്ചാവിഷയമാണ്. പുരോഗതിയിലേക്ക് രാജ്യം കുതിക്കുമ്പോഴും തൊട്ടുകൂടായ്മയും അയിത്താചരണവും ഇന്നും ഇവിടെ നിലനില്‍ക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യമാണ്. ജാതീയതയുടെ ഭീകരത വെളിവാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഗ്രാമപ്രദേശത്തുള്ളൊരു ദളിത് ഗെറ്റോയിലേക്ക് (കീഴ്ജാതി വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലം), ക്യാമറ കണ്ട് ഓടിക്കൂടുന്ന കുറേ കുട്ടികള്‍, ഒരു പ്രത്യേക അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ശുദ്ധിയുടെയും അശുദ്ധിയുടെയും കാര്യങ്ങള്‍ ക്യാമറക്കാരനോട് പറയുന്നതാണ് വീഡിയോ. അതിര്‍ത്തിക്കപ്പുറം ഹരിജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണെന്നും, അങ്ങോട്ട് പ്രവേശിച്ചാല്‍ തങ്ങള്‍ അശുദ്ധരായി തീരുമെന്നുമായിരുന്നു കുരുന്നുകളുടെ വാദം. ആരില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയതെന്ന ചോദ്യത്തിന് ചെറുപ്പം മുതല്‍ക്കേ ഇക്കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഇവരുടെ മറുപടി.

സമൂഹത്തില്‍ ജാതീയത എത്രമാത്രം വേരൂന്നിയതാണെന്നതിന്റെ ഉദാഹരണമാണ് ചിത്രം. പ്രമുഖ ഡോക്യുമെന്ററി നിര്‍മ്മാതാവായ സ്റ്റാലിന്‍ കെയുടെ “ഇന്ത്യ അണ്‍ടച്ച്ഡ്: സ്റ്റോറി ഓഫ് എ പീപ്പിള്‍ അപ്പാര്‍ട്” എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത് 2007-ലാണ്. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം, നിരവധി പുരസ്‌കാരങ്ങളും നേടുകയുണ്ടായി.